സ്വാതന്ത്ര്യം…

                           ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതം അതിന്റെ എഴുപതാം സ്വാതന്ത്ര്യ ദിന വാർഷികത്തിലേക്ക് കടക്കുകയാണ്. എണ്ണിയാലൊടുങ്ങാത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ ചോരയുടെയും വിയർപ്പിന്റെയും കണികകൾ ചേർന്നു നിന്നതാണ് നമുക്ക് കിട്ടിയ സ്വാതന്ത്ര്യം. കൈകോർത്ത് നിന്നവന്റെ ജാതിയും മതവും നോക്കിയല്ല അവർ ഈ വിജയം നേടിയത്.രാജ്യസ്നേഹികൾ എന്ന് സ്വയം പുകഴ്ത്തി വർഗീയതയുടെയും മറ്റും പേരിൽ ഈ മഹാരാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർ ഈ സത്യാവസ്ഥകൾ മനസ്സിലാക്കിയാൽ നന്ന്.

                       സപ്തതിയുടെ നിറവിൽ നില്ക്കുമ്പോഴും ആ തിലകക്കുറിക്ക് മങ്ങലേല്പ്പിക്കുന്ന നിരവധി വാർത്തകൾ ഇന്ന് നമ്മുടെ ഉള്ള് വേദനിപ്പിക്കുന്നു. സ്വാതന്ത്ര്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ആവശ്യങ്ങൾ നിറവേറുക എന്നതല്ലാതെ സ്വാർഥചിന്തകൾ വെടിഞ്ഞ് മറ്റൊരാളിനും ഇതെല്ലാം കിട്ടുന്നു എന്ന ഉറപ്പാക്കലാണ്. നമ്മുടെ രാജ്യത്ത് ഇത് എത്രമാത്രം നടപ്പാക്കുന്നു എന്ന് ചിന്തിക്കണം.ഭക്ഷണസ്വാതന്ത്ര്യത്തിന്റെ പേരിൽ സ്വന്തം സഹോദരങ്ങളെ ചുട്ടുതിന്നുന്നവർ ഒരിക്കലും ഭാരതീയരല്ല. മനുഷ്യരേക്കാലും മൃഗങ്ങളെ സ്നേഹിക്കുന്നത് അധഃപതനത്തിലേക്കുള്ള വാതിൽ തുറന്നത് പോലെയാണ്.ഈ സ്വാതന്ത്ര്യ ദിനത്തിൽ ഇനിയും അതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കരുതേ എന്നാശിക്കാം. ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. പിഞ്ചുകുഞ്ഞ് മുതൽ വാർധക്യം ബാധിച്ചവർ വരെ ഇതിൽപ്പെടും.

                സ്വാതന്ത്ര്യം എന്ന വാക്കിനർഥം പാരതന്ത്ര്യത്തിന് വിപരീതം എന്നല്ലാതെ മറ്റൊരു തലം കൂടിയുണ്ടെന്ന് നാം വിസ്മരിക്കരുത്. ആ തിരിച്ചറിവിൽ നിന്ന് ഉരുത്തിരിയുന്ന ജനതയാണ് നമ്മുടെ നാടിനാവശ്യം….. എല്ലാവർക്കും എന്റെ സ്വാതന്ത്ര്യദിനാശംസകൾ.

              –  സൗപർണിക –

കൊന്നയും തേടി…

       നാളെ വിഷുവാണ്.കണിയൊരുക്കണം.”സന്ധ്യയ്ക്ക് മുന്നേ കണിക്കുള്ള സാധനങ്ങള് ഒപ്പിക്കണം”.അമ്മ പറഞ്ഞു.ഞാനാലോചിച്ചു.”മ്മ്..കണിക്കൊന്ന…”കൈയ്യില്‍ കിട്ടിയ സഞ്ചിയുമായി അപ്പുറത്തെ വീട്ടിലേക്ക് ഓടി.അവിടെ വലിയ ഒരു കൊന്നയുണ്ട്.ചുവട്ടില്‍ നിന്ന് നോക്കിയാല്‍ ആകാശം കാണാത്ത രീതിയില്‍ പൂപിടിക്കുന്ന ഒരു കൊന്ന..”ചേച്ചീ….കൊന്നപ്പൂ കൊറച്ച് പറിച്ചോട്ടേ….” കുളികഴിഞ്ഞ് വന്ന് തല തോര്‍ത്തുകയായിരുന്ന ചേച്ചി കൗതുകത്തോടെ തലയൊന്ന് പൊക്കി എന്നെ നോക്കി.”അത് കഴിഞ്ഞ ഡിസംബറില്‍ വെട്ടിക്കളഞ്ഞത് നീയ്യറിഞ്ഞില്ലേടാ “.അവരുടെ മുഖത്ത് ചിരിയാണ് വന്നതെങ്കിലും എനിക്ക് ദേഷ്യം വന്നു..ഞാന്‍ പതുക്കെ മതിലുചാടി അപ്പുറത്തെ വല്ല്യപ്പന്റെ വീട്ടിലെത്തി.”അവക്ക് നടുവിന് എതക്കേട് തൊടങ്ങ്യേപിന്നെ ആരാ ഈ കരീലേക്കെ തൂക്കാനൊള്ളേ..അതോണ്ട് ഞാനതങ്ങ് കോതിക്കളഞ്ഞ്” വല്ല്യപ്പനും എന്നെ കൈവിട്ടു.വീടുകള് മാറിക്കേറീട്ടും മരങ്ങള്‍ കുറേകണ്ടിട്ടും തേടിയ വള്ളി മാത്രം കാലില്‍ ചുറ്റിയില്ല.അപ്പോഴാണ് മേലതീലെ ചേട്ടന്‍ സഹായഹസ്തവുമായി എത്തിയത്.”നീയ്യെന്തിനാ ഇങ്ങനെ ഓടിനടക്കുന്നത് ഉണ്ണ്യേ…ആ കടേ പോയങ്ങ് വാങ്ങിക്കൂടേ പൂവ്വ്..” “പൈസ കൊടുക്കണോ ചേട്ടാ?”.മറുപടിയായി ഒരു പൊട്ടിച്ചിരി മാത്രം കിട്ടി.എന്റെ ശകടവുമെടുത്ത് ഞാന്‍ കടയിലേക്കോടി.പോയവഴി ചന്തയില്‍ നിന്ന് തിരിച്ച് വരുന്നവരുടെ സഞ്ചികളില്‍ തല പുറത്തേക്കിട്ടേക്കുന്ന കൊന്നപ്പൂക്കള്‍ കണ്ടു.ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ കിടന്ന പൂക്കടയില്‍ ഇന്ന് ഉത്സവമാണ്.തിരക്കില്‍ വിയര്‍ത്തുകുളിച്ചുപോയ കടയിലെ ചേട്ടന്‍ വളരെ കഷ്ടപ്പെടുന്നുണ്ട്. എങ്ങനെക്കയോ കടയ്ക്കുള്ളില്‍ കയറിപ്പറ്റി.”ചേട്ടാ….കൊന്നപ്പൂവിനെന്താ വെല..”..”ഇരുപത് രൂപ”..ഒരു സെറ്റ് തരാന്‍ പറഞ്ഞ എനിക്ക് നേരെ നീട്ടിയ പൂവ് കണ്ട് ഞാന്‍ അന്ധാളിച്ച് നിന്ന് പോയി…

ഒരു വിരല്‍ ഖനത്തില്‍ കുറച്ച് പൂവ്…! അങ്ങനെ ഇരുപത് രൂപയ്ക്ക് വിഷുവും വാങ്ങി ഞാന്‍ തിരിച്ച് നടന്നു.ഈ പൂവുമായി കണിയൊരുക്കാന്‍ ചെന്നാല്‍ ശ്രീകൃഷ്ണഭഗവാന് എന്നോട് എന്ത് തോന്നും എന്ന ചിന്തയായിരുന്നു എന്റെ ഉള്ള് നിറയെ……….                                                                               -സൗപര്‍ണിക-

നഷ്ടദുലാര്‍

alone-love-lonely-sad-emotional-missing-u-miss-girls-boys-wallpapers-3കാലിതമാം നെഞ്ചകം പിളര്‍ക്കവേ

രണവര്‍ണമാം ഒരു മുറിവുകണ്ടു ഞാന്‍….

മിഴികള്‍ ‍തുറിക്കവേ ഞാനതോര്‍ത്തു

എന്‍ ചേതസ്സിനേറ്റ മുറിവുതാനത്…

മഞ്ഞാടചുറ്റിയ പുലരികളോളം എന്‍ മനസ്സില്‍

വസന്തം ചാലിച്ച മുറിവുതാനത്…

പ്രണയമെന്ന വര്‍ണശബളിത വഞ്ചന..

യാമങ്ങള്‍ തെറ്റിയുദിച്ച കലാധരനേയും

പാതമറന്നുപറന്ന ഖചരത്തേയും പോലെ

നിസ്സീമമായ അപാരതയില്‍ നില്‍പ്പുഞാന്‍…

ചൂഴെയുള്ളതെല്ലാം തന്നെ പരിഹസിക്കവേ

ദിക്കറിയാവിഹായസ്സില്‍ നിന്നും

മുരടിച്ച ഹ്യത്തുമായി ഞാന്‍ പറന്നുനീങ്ങി….

            -സൗപര്‍ണിക-

ഒരു ബാല്യകാലത്തിന്റെ ഓര്‍മ്മയ്ക്ക്


അവിചാരിതമായി ഈ ചിത്രം ഇന്നെന്റെ ക്യാമറയില്‍ പതിഞ്ഞപ്പോള്‍ മുതല്‍ മനസ്സിന് ഒരുതരം ഉത്സാഹമായിരുന്നു.ആ ഉത്സാഹത്തിന്റെ കൊടുമുടിയില്‍ ഞെട്ടറ്റ പട്ടം പോലെ പാറിക്കളിക്കുന്ന ഒരു അവസ്ഥയാണ് എന്നെ ഈ തൂലികാഗ്രത്ത് എത്തിച്ചത്.പോയകാലത്തിന്റെ ഗൃഹാതുരത്വത്തില്‍ ഭ്രാന്തമായ ഒരു അഭിനിവേശത്തോടെയാണ് ഞാന്‍ ഈ സ്വപ്നങ്ങള്‍ കാണുന്നത്.മടങ്ങിവരില്ല എന്ന് മനസ്സിന്റെ അടിത്തട്ടില്‍ ശക്തമായി മന്ത്രിക്കുന്നുവെങ്കിലും ആ ഓര്‍മ്മകള്‍ എന്നെ വിട്ട് പിരിയുന്നില്ല.ഒരുപക്ഷേ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഒരു ഭാഗ്യവുമാകാം അക്കാലം,എന്റെ ബാല്യം..  

          പറയുവാനേറെയുണ്ടെനിക്കീ പുതുതലമുറയോട്.കൂട്ടുകാരുമൊത്ത് മണ്‍വീഥികളില്‍ കുഴിയുണ്ടാക്കി ഗോലി കളിച്ചതും ചെരുപ്പ് വണ്ടിയുന്തിയതും വര്‍ഷകാലത്ത് മഴത്തുള്ളികള്‍ക്ക് കൂട്ട് വരുന്ന ആലിപ്പഴവും…എല്ലാം…എല്ലാം…ഇന്നത്തെ തലമുറയ്ക്ക് അന്യംനില്ക്കുകയാണ്.ഇതിന് ഒരിക്കലും അവരെ കുറ്റം പറയുന്നില്ല.അതിര്‍വരമ്പുകളില്ലാത്ത പറമ്പുകളും മഞ്ഞുപെയ്തിറങ്ങിയ വയലുകളും മുങ്ങാങ്കുഴിയിട്ട ആറ്റുതീരങ്ങളും എല്ലാം ഭൂതകാലത്തിന്റെ ഒരു നനുത്ത സ്മരണയായി മാറുന്നു.പ്രകൃതിസൗന്ദര്യം കടലാസുകഷ്ണത്തില്‍ ഒതുങ്ങുന്നു.മാറിവരുന്ന ഭരണകര്‍ത്താക്കളെയും മറ്റും ഇതിന്റെ പേരില്‍ പഴിചാരിയിട്ട് കാര്യമില്ല.നാം തന്നെയാണ് ഉത്തരവാദികള്‍.ഭാവിയുടെ പ്രതീക്ഷകള്‍ക്ക് ഒരിത്തിരി വളം തൂകാന്‍ പുരോഗമനത്തിന് പിന്നില്‍ പായുന്ന നാം ഒരിക്കലും മറക്കരുതേ എന്നാശിക്കുന്നു……

                                  (സൗപര്‍ണിക)

തോല്‍വി..

നിര്‍ജീവമാം ജീവിതത്തിന്‍

പടികയറ്റം നിലയ്ക്കവെ

ഞാനതറിഞ്ഞു,

ഞാന്‍ തോറ്റിരിക്കുന്നു.
ഒരുമുഴം കയറിനാല്‍

യാത്രയവസാനിപ്പിക്കുവാനിരിക്കവേ

ഞാനൊന്ന് നിന്നു,ചിന്തിച്ചു,

ജയമെന്തേയെനിക്കിന്നുമന്യം.
ഞാനെന്തു നേടി….?

ഞാനെന്തു നല്കി….?

ഉത്തരമെന്യേ മൗനം മൂളവെ

ഞാനാഗ്രഹിച്ചു ജീവിതം.
ആയുസ്സിന്‍ ‍നൂല്‍പ്പാലത്തില്‍

മരണത്തെക്കാത്തുലാത്തുമ്പോള്‍

ജീവിതം തിരിച്ചുവിളിക്കുന്നു

അതെ എനിക്ക് ജീവിക്കണം.
തോല്‍വിയെ പയറ്റിയ

ചിലന്തിയായ് മാറുന്നു ഞാന്‍

അക്ഷമനായി ജയം കാത്തിരിക്കവേ

മനസ്സ് വീണ്ടും മന്ത്രിച്ചു, തോല്‍വി..

                              

                                           (സൗപര്‍ണിക)​

കമ്മ്യൂണിസം

“ഞാ കമ്മിണിസ്റ്റാണ്,മനുഷ്യസ്നേഹിയാണ്”
മയ്യഴിയുടെ കഥാകാരന്റെ സൃഷ്ടിയായ അനന്തന്‍മാസ്റ്ററുടെ വാക്കുകളാണിവ. കേരളം കമ്മ്യൂണിസത്തെ എങ്ങനെ നോക്കിക്കണ്ടിരുന്നു എന്ന് ഈ വാക്കുകള്‍ നമുക്ക് സൂചന തരുന്നു. ഇങ്ങനെ വളര്‍ന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇന്ന് ജനത വെറുക്കാന്‍ വേണ്ടി രക്തദാഹികളെന്നും ലഹരിക്കടിമപ്പെട്ടവരെന്നും ചിത്രീകരിക്കുന്നതിന്റെ യുക്തി പരിശോധിക്കേണ്ടതുണ്ട് .

                                  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മനസ്സിലാക്കാന്‍ വലിയ കനമുള്ള പുസ്തകങ്ങളൊന്നും വായിക്കേണ്ടതില്ല ,നല്ലൊരു മനുഷ്യനായാല്‍ മതി.സ്വാര്‍ഥരഹിതമായ മനസ്സും മറ്റുള്ളവര്‍ അല്ലലും അലട്ടലുമില്ലാതെ ജീവിക്കണം എന്ന ചിന്താഗതിയുമാണ് ആദ്യം ഉണ്ടാവേണ്ടത്.അവിടെ ചിലപ്പോള്‍ സ്വന്തം ജീവിതം ഹോമിക്കപ്പെടുന്നു.കമ്മ്യൂണിസ്റ്റുകള്‍ ദൈവവിരോധികള്‍ എന്നൊരു ഖ്യാതിയുണ്ട്.കാരണം എന്തെന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ എല്ലാ മതങ്ങളെയും ഒരേ തട്ടില്‍ പൂജിക്കുന്നവരാണ്.ഒരുപക്ഷേ വര്‍ഗീയവാദികള്‍ കമ്മ്യൂണിസത്തെ എതിര്‍ക്കുന്നതിന്റെ ഒരു പ്രധാന കാരണവുമാകാം ഇത്.
“Every action has an equal and opposite reaction”

                              ന്യൂട്ടണിന്റെ ഈ ചലനനിയമത്തിന് നമ്മുടെ നിത്യജീവിതത്തില്‍ സാധുത വളരെ വലുതാണ്.ഇതിന് കമ്മ്യൂണിസവുമായി എന്ത് ബന്ധമെന്ന് ചോദ്യമായാല്‍ ഉത്തരം ഇതാണ്.കമ്മ്യൂണിസത്തെ നശിപ്പിക്കാന്‍ വര്‍ഗീയവിഷങ്ങളും ഫാസിസ്റ്റുകളും ചെയ്യുന്ന പ്രവൃത്തികള്‍ക്കുള്ള മറുപടി അതേ നാണയത്തില്‍ തന്നെ തിരിച്ചുകൊടുക്കും.അതിനാണ് കമ്മ്യൂണിസ്റ്റുകളെ അക്രമികള്‍ എന്ന് വിളിക്കുന്നതെങ്കില്‍ “അതെ കമ്മ്യൂണിസ്റ്റുകള്‍ അക്രമകാരികളാണ്.”                                 

 കമ്മ്യൂണിസം ഇന്ന് കേരളത്തില്‍ വളരെയധികം പ്രതിസന്ധികള്‍ നേരിടുകയാണ്.ബാഹികമായുള്ളവയെ പറ്റി ചിന്തിക്കുന്നതിന് മുന്‍പ് ആന്തരികമായുള്ളവയെ പറ്റി ചിന്തിക്കാം.പ്രസ്ഥാനത്തിന്റെ മറപറ്റി പല ജനവിരുദ്ധരും പ്രവര്‍ത്തിക്കുന്നുണ്ട്.ഇത്തരക്കാരെ ആദ്യം കണ്ടെത്തി പുറത്താക്കണം.അവരാണ് പ്രസ്ഥാനത്തിന്റെ അടിവേര് കാര്‍ന്നുതിന്നുന്ന മൂഷികന്മാര്‍.അവരില്‍ നിന്നാകട്ടെ മാറ്റം.

                       കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പറ്റി ഇത്രയും പറയാന്‍ ഞാന്‍ ആരുമല്ല…..വെറുമൊരു അനുഭാവി മാത്രം.ഞാന്‍ മുകളില്‍ പറഞ്ഞത് പോലെ ഒരു കാഴ്ചപ്പാടാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ നിങ്ങളും ഒരു കമ്മ്യൂണിസ്റ്റാണ്….a rebel..

                               പ്രസ്ഥാനത്തിന്റെ ശോഭനമായ ഒരു ഭാവിയിലേക്ക് നിങ്ങളുടെ ചോര തിളയ്ക്കുന്നുവെങ്കില്‍,നമുക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ചവര്‍ നിങ്ങളുടെ പാതയില്‍ ഉണ്ടെങ്കില്‍,വിദൂരമല്ലാതെ ആ മാറ്റത്തിന്റെ ശംഖൊലി നിങ്ങള്‍ക്കും കേള്‍ക്കാം…….ലാല്‍സലാം

                                     (സൗപര്‍ണിക)​

അക്കാലം……

മണി മുഴങ്ങി

ക്ളാസ് നിശബ്ദം

വര്‍ണക്കടലാസുകള്‍ തുറക്കപ്പെട്ടു

പാഠം ഒന്ന്…..

അക്കാലത്തെപ്പറ്റി ഞാന്‍ ചിന്തിക്കുകയായ്…

കൂട്ടുകാര്‍ക്കൊപ്പം ചിണുങ്ങിയതും

മുറ്റത്തെ ഞാവലിന്‍ കാ പറിച്ചതും

വിശാലമാം മൈതാനിയില്‍കളിച്ചതും

ഗുരുനാഥതന്‍ കൈപ്പിടിക്കുള്ളിലെ

ചൂരലിന്‍ മധുരം നുകര്‍ന്നതും

അക്കാലത്തെപ്പറ്റി ഞാന്‍ ചിന്തിക്കുകയായ്…

ജീവിതമാം തീവണ്ടിയില്‍

നാം പുറകിലാക്കിയ വസന്തങ്ങള്‍..

പടുത്തുയര്‍ത്തിയ ഈ ജീവിതത്തിന്‍

ചീട്ടുകൊട്ടാരത്തിന്‍ മുകളില്‍നിന്നും

അക്കാലത്തെപ്പറ്റി ഞാന്‍ ചിന്തിക്കുകയായ്…

ഇന്നായുഗം മറഞ്ഞിരിക്കുന്നു,

അമ്മിഞ്ഞപ്പാലോടൊപ്പം നുണഞ്ഞ

മലയാളം പിഴ ആയിരിക്കുന്നു

കച്ചവടത്തിന്‍ കഴുകന്‍കണ്ണില്‍

നമ്മുടെ ബാല്യങ്ങള്‍ പിടയുന്നു

നിസ്സഹായനായി ഇതെല്ലാം കാണവെ

അക്കാലത്തെപ്പറ്റി ഞാന്‍ ചിന്തിക്കുകയായ്….

                                   (സൗപര്‍ണിക)​